രണ്ടാമത്തെ ഹൃദയം

തൃശ്ശൂരിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലും രാഷ്ട്രീയ വേദികളിലും നിറസാന്നിധ്യമായിരുന്നു പ്രൊഫസർ മുരളീധരൻ 2018 ആഗസ്റ്റ് മാസം രണ്ടാം തീയതി മുരളി മാഷ് നമ്മെ വിട്ടുപിരിഞ്ഞു.
മാഷെ വിയോഗത്തിന് ഒരു വർഷം തികയുന്ന 2019 ആഗസ്റ്റ് മാസം രണ്ടാം തീയതി അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകളുടെ സഞ്ചിക യായി ഒരു സ്മരണിക പ്രസിദ്ധീകരിച്ചു.
 അതിൽ എഴുതിയ എഡിറ്റോറിയൽ ആണ് താഴെ ചേർക്കുന്നത്


.................................................................................
രണ്ടാമത്തെ ഹൃദയം
ഡോ.കെ.പ്രദീപ്കുമാര്‍
എഡിറ്റര്‍

ഓര്‍മകളുടെ ഒരു പ്രശ്നം മയില്‍പ്പീലിത്തുണ്ടുകള്‍ പോലെയോ വളപ്പൊട്ടുകള്‍പോലെയോ അവയെ വെറുതെയങ്ങനെ സൂക്ഷിച്ചുവയ്ക്കാനാവില്ല എന്നതാണ്. കാരണം ഓര്‍മകള്‍ ഭൂതകാലത്തിന്‍റേതല്ല, ഭാവിയുടേതാണ്. അല്ലെങ്കില്‍ ഭാവിയിലേക്കുള്ള താക്കോലുകള്‍. താക്കോലുകള്‍ ഒന്നുംതന്നെ നമ്മുടെ കൈവശം ഇല്ല എന്ന നിരാശ ഇഴഞ്ഞുകയറുന്ന കാലത്ത് ഓര്‍മകളുടെ നിശിതമായ ഒരു താക്കോല്‍ക്കൂട്ടം മുന്നില്‍വയ്ക്കുക എന്ന ദൗത്യമാണ് ഈ പുസ്തകത്തിനുള്ളത്. സൂക്ഷ്മമായ രാഷ്ട്രീയ സംവേദനത്തിന്‍റെ ദൗത്യം.

തനിക്കു ചുറ്റുമുള്ള മനുഷ്യരെ കൈനീട്ടി തൊട്ട ഒരു വ്യക്തിയെക്കുറിച്ചുള്ള ആ മനുഷ്യരുടെ ഓര്‍മകളാണ് വരികളും കവിഞ്ഞ് ഈ ഏടുകളില്‍ പതിഞ്ഞി
രിക്കുന്നത്. എങ്ങനെയാണ് ഒരു രാഷ്ട്രീയപ്രവര്‍ത്തകനെ കാലം അടയാളപ്പെടുത്തുക എന്നത് സൂപ്രധാനമായൊരു ചോദ്യമാണ്. എന്തിനാണ് ആ ഓര്‍മകള്‍ ശേഖരിക്കുന്നത്? എന്താണ് ഒരു ഓര്‍മപ്പുസ്തകത്തിന്‍റെ പ്രസക്തി? ഇത്തരം ചോദ്യങ്ങളെ അവഗണിച്ചുകൊണ്ടല്ല നേരിട്ടുകൊണ്ടാണ് ഈ സ്മരണിക പിറവിയെടുത്തിട്ടുള്ളത്.

സഹജാതരോട് നിരന്തരമായി സംവദിച്ചുകൊണ്ടിരുന്ന ഒരാളായിരുന്നു പ്രൊഫ. എം.മുരളീധരന്‍ എന്ന മുരളിമാഷ്. വെട്ടിയൊരുക്കിയ ചാലുകള്‍ വിട്ട് എങ്ങും ഒഴുകിപ്പരന്ന സ്നേഹജലപ്രവാഹം. സമുന്നതരായ നേതാക്കളും വിശിഷ്ട വ്യക്തികളും മുതല്‍ ചെറുകിട വ്യാപാരികളും തൊഴിലാളികളും വിദ്യാര്‍ത്ഥികളും വരെ  സകലരെയും തന്‍റെ സൗഹൃദത്തിന്‍റെ വലയത്തിനകത്താക്കി, മാഷ.്

പരിചയപ്പെടുന്നവരുടെയെല്ലാം വ്യക്തിഗതവിവരങ്ങള്‍വരെ അറിയുകയും പിന്നീട് കാണുമ്പോഴെല്ലാം അവ കൂടി ആരായുകയും ചെയ്യുന്ന സവിശേഷരീതി മാഷിനുണ്ടായിരുന്നു. ഈ സ്നേഹം, പരിഗണന എല്ലാം തന്നോട് മാത്രമാണെന്ന് പരിചയപ്പെട്ടവരോരുത്തരും കരുതി. 'പ്രതിപാത്രം ഭാഷണഭേദം' എന്ന് വിളിക്കാവുന്ന സവിശേഷമായ രീതിയിലൂടെയാണ് മാഷ് ഇത് സാധിച്ചത്.

മാഷിന്‍റെ ആകാരത്തിലും പ്രകൃതത്തിലുമെല്ലാം കരുതലിന്‍റെ, പരിഗണനയുടെ സൂക്ഷ്മഭാവങ്ങള്‍ അനുഭവിച്ച് നമ്മള്‍ സ്നേഹഭരിതരായി. ഒട്ടൊന്ന് കുനിഞ്ഞ് മാഷ് നമ്മുടെയോരോരുത്തരുടെയും വാക്കുകള്‍ക്ക് കാതോര്‍ത്തു. തോളിലൂടെ കയ്യിട്ടോ, കൈകളില്‍ പിടിച്ചോ മാത്രം നമ്മോട് സംസാരിച്ചു. ചടുലമായ  പാദചലനങ്ങളോടെ കൈകള്‍ ആഞ്ഞുവീശി മാഷ് വിവാഹങ്ങള്‍, മരണങ്ങള്‍, മറ്റു ജീവിതമുഹൂര്‍ത്തങ്ങള്‍ എന്നിങ്ങനെ എല്ലായിടത്തുമെത്തി. പഠനക്ലാസുകളിലും കമ്മറ്റികളിലും പൊതുയോഗങ്ങളിലും സരസമായും സാരവത്തായും സംസാരിച്ചു. സമരമുഖങ്ങളിലും തെരഞ്ഞെടുപ്പ് എന്ന വലിയ സമരത്തിലും ക്ഷീണമാവേശിക്കാത്ത സംഘാടകനായി. വ്യക്തിഗതമായ സവിശേഷതകളെ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ പ്രയോഗിക്കുക വഴി ജൈവരാഷ്ട്രീയത്തിന്‍റെ പുതിയ മേഖലകള്‍ തുറന്നു. ഒരു കോളേജ് അധ്യാപകന് സമൂഹം ചാര്‍ത്തിക്കൊടുക്കുന്ന 'ഛത്രചാമരങ്ങള്‍' മാഷിനെ ബാധിച്ചതേയില്ല. ബഹുജനങ്ങളായിരുന്നു അദ്ദേഹത്തിന്‍റെ സര്‍വ്വകലാശാല. ഒരു യഥാര്‍ത്ഥ ജൈവബുദ്ധിജീവി ആരാണെന്ന് സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം കാണിച്ചുതന്നു.

വ്യക്തിപരതയെ രാഷ്ട്രീയത്തിലേക്ക് സന്നിവേശിപ്പിക്കുന്നതോടൊപ്പം സ്വന്തം വ്യക്തിജീവിതത്തെ രാഷ്ട്രീയവല്‍ക്കരിക്കാനും മാഷിന് കഴിഞ്ഞു. പലരും കാലിടറിവീഴുന്ന ദുര്‍ഗമമായ ആ ഒറ്റയടിപ്പാതയിലൂടെ മാഷ് തലയുയര്‍ത്തിത്തന്നെ നടന്നു. തന്‍റെ രാഷ്ട്രീയാദര്‍ശങ്ങള്‍ക്കും പാര്‍ട്ടി തത്വങ്ങള്‍ക്കും വിരുദ്ധമായതൊന്നും ചിന്തയിലോ പ്രവൃത്തിയിലോ മാഷിനെ തീണ്ടിയതേയില്ല. സ്വന്തം രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ വളര്‍ച്ചക്ക് സമയവും ഊര്‍ജ്ജവും വിനിയോഗിക്കുക എന്നത് തന്‍റെ കടമയാണെന്ന് മാഷ് ഉറച്ചു വിശ്വസിച്ചു. ഇടപെടുന്ന മേഖലയിലെല്ലാം മാര്‍ക്സിസ്റ്റ് ദര്‍ശനവും രീതിശാസ്ത്രവും പ്രയോഗിച്ചു. 'ഇദം ന മമ' എന്ന ബോധ്യത്തോടെയായിരുന്നു മാഷ് തന്‍റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയത്.

അടിമുടി മാര്‍ക്സിസ്റ്റ് എന്നതുപോലെ അടിമുടി അധ്യാപകന്‍ കൂടിയായിരുന്നു മുരളിമാഷ്. ക്ലാസ് മുറികളിലെ ഏകാധിപതിയായ വിധാതാവ് എന്ന
നിലയിലല്ല, ഒപ്പം നിന്ന് വഴി കാണിക്കുന്ന ഒരാള്‍ എന്ന നിലയിലാണെന്ന് മാത്രം. കാര്യങ്ങള്‍ ധരിപ്പിക്കാനുള്ള വ്യഗ്രത. അത് ശരിയാംവിധം ഗ്രഹിച്ചുവോ എന്ന ആകാംക്ഷ, യുക്തിയുക്തമായി പഴുതടച്ചുകൊണ്ടുള്ള അവതരണം. അനുഭവങ്ങളും നുറുങ്ങുകളും ഉദ്ധരണികളും യഥേഷ്ടം ചേര്‍ത്തുകൊണ്ടുള്ള ശൈലീസമ്പന്നമായ സമ്പുഷ്ടീകരണം ഇതെല്ലാം ക്ലാസ്മുറികളില്‍ മാത്രമല്ല നാം കണ്ടത്. എന്നാല്‍ ക്ലാസ് മുറികളില്‍ മറ്റൊരു സ്വരൂപവും കാണാമായിരുന്നു. ഇടക്ക് തെല്ലൊന്ന് മുന്നോട്ട് വളഞ്ഞ് കുനിഞ്ഞ്, ചൂണ്ടുന്ന കൈവിരലുകളുടെ ആംഗ്യവിക്ഷേപം കൊണ്ടും കട്ടിക്കണ്ണടക്കുപുറകിലെ വിടര്‍ന്ന കണ്ണുകള്‍ കൊണ്ടും വിദ്യാര്‍ത്ഥികളെ കൊരുക്കുന്ന മാഷ്.

അധ്യാപകനായും രാഷ്ട്രീയ സാംസ്കാരിക പ്രവര്‍ത്തകനായും മുരളിമാഷ് നടന്നപോയ വഴികളിലൂടെ പലര്‍ നടത്തുന്ന സഞ്ചാരമാണ് ഈ ഓര്‍മ
പ്പുസ്തകത്തിലുള്ളത്. പ്രക്ഷോഭകാരിയും മനുഷ്യസ്നേഹിയും കലാസ്വാദകനും
പരോപകാരിയും കര്‍മകുശലനും വശ്യവചസ്സും വിജ്ഞാനകുതുകിയും ഒക്കെയായി ബഹുരൂപിയായി മുരളിമാഷ് നമ്മുടെ മുന്നില്‍ ഈ കുറിപ്പുകളിലൂടെ പ്രത്യക്ഷപ്പെടുന്നു,. "ഞാന്‍ ഒരു പുരുഷാരത്തെ ഉള്ളില്‍പ്പേറുന്നു" എന്ന് വാള്‍ട്ട് വിറ്റ്മാന്‍ പറഞ്ഞിട്ടുണ്ടല്ലോ. ഇത്തരമൊരു അനുസ്മരണഗ്രന്ഥം ആസൂത്രണം ചെയ്യുമ്പോള്‍ സമഗ്രത എന്നത് ഞങ്ങളുടെ ലക്ഷ്യമേ ആയിരുന്നില്ല. എന്നാല്‍ ഈ കുറിപ്പുകളിലൂടെ കടന്നുപോകുമ്പോള്‍ അവ മുരളിമാഷെ നമ്മുടെ മുന്നില്‍ യഥാര്‍ത്ഥമായി പുനരാനയിക്കുന്ന പ്രതീതി ഉണ്ടാക്കുന്നുണ്ട്.
സമഗ്രവും സര്‍വ്വതലസ്പര്‍ശിയുമായിരിക്കുമ്പോള്‍ തന്നെ ഈ ലേഖനങ്ങളെല്ലാംതന്നെ ചില പൊതു നിരീക്ഷണങ്ങള്‍കൂടി മുന്നോട്ട് വയ്ക്കുന്നുണ്ട്. അവയാണ് മുരളിമാഷിന്‍റെ സവിശേഷമായ വ്യക്തിത്വത്തിന്‍റെ മുദ്രകള്‍. മറ്റ് മനുഷ്യരുമായി ബന്ധപ്പെടാനാണ് താന്‍ സിനിമയെടുക്കുന്നത് എന്ന് ഇങ്മര്‍ ബര്‍ഗ്മന്‍ പറഞ്ഞത്. മുരളി മാഷെ സംബന്ധിച്ചും സത്യമാണ്.

മനുഷ്യര്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനും അവരോട് നിരന്തരം ബന്ധപ്പെട്ടിരിക്കാനുമാണ് അദ്ദേഹം തന്‍റെ ജീവിതത്തെ ഉപയോഗിച്ചത്. അതിനെ സാംസ്കാരികവും രാഷ്ട്രീയവുമായ ഒരു ദൗത്യമായി അദ്ദേഹം പരിവര്‍ത്തിപ്പിച്ചു.
സോഷ്യലിസ്റ്റ്-മാര്‍ക്സിസ്റ്റ് ദര്‍ശനങ്ങള്‍ക്ക് മാത്രമല്ല, ലിബറല്‍/ബൂര്‍ഷ്വാ ജനാധിപത്യസ്ഥാപനങ്ങള്‍ക്കും ആശയഗതികള്‍ക്കും വരെ ഭീഷണമായ വെല്ലുവിളികള്‍ നേരിടേണ്ടിവരുന്ന ഇക്കാലത്ത് തന്‍റെ വാക്കുകള്‍കൊണ്ടും പ്രവൃത്തികൊണ്ടും ചുറ്റുമുള്ളവരെ എത്തിപ്പിടിക്കുകയും ചേര്‍ത്തുനിര്‍ത്തുകയും ചെയ്യുന്ന പ്രതിരോധ
രാഷ്ട്രീയമാണ് മാഷ് മുന്നോട്ട് വച്ചത്. സ്വന്തം സാധാരണത്വത്തെ അതിലംഘി
ക്കുകയും ഭാവിയിലേക്ക് നമ്മെ നയിക്കുകയും ചെയ്യുന്ന നിമിഷങ്ങളാണ് ഓര്‍മകളാവുന്നത്. നമ്മുടെ ഉള്ളില്‍ രണ്ടാം ഹൃദയമായി തുടിക്കുന്ന
ആ ഭൂതകാലനിമിഷങ്ങളക്കാണ് ഈ പുസ്‌തകം

Comments

Popular posts from this blog

Mechanics of Writing